യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല ! എസ്എഫ്‌ഐ വധഭീഷണി മുഴക്കുന്നതായി കെഎസ്‌യു…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കോളജില്‍ എസ്.എഫ്.ഐ വധഭീഷണി മുഴക്കുന്നുവെന്ന് ഡി.ജി.പിക്ക് കെ.എസ്.യു പരാതി നല്‍കി. യൂണിയന്‍ തെരഞ്ഞെടുപ്പിനുശേഷം ആക്രമിക്കുമെന്ന് എസ്എഫ്‌ഐ. ജില്ലാ നേതാക്കള്‍ ഭീഷണി മുഴക്കുന്നതായാണ് കെഎസ്‌യുവിന്റെ കത്തിലുള്ളത്. പരാതിയില്‍ അന്വേഷണം നടത്തുമെന്നും സംരക്ഷണം ഉറപ്പാക്കുമെന്നും ഡി.ജി.പി. അറിയിച്ചു.

യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ. പ്രവര്‍ത്തകനുമായ അഖിലിനെ എസ്എഫ്‌ഐ. നേതാക്കള്‍ കുത്തി വീഴ്ത്തിയ സംഭവത്തിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐക്കെതിരായ പരാതികള്‍ ഓരോന്നായി പുറത്തുവന്ന് തുടങ്ങിയത്. മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്ന ആക്ഷേപങ്ങളും ഉയര്‍ന്നതോടെ എസ്എഫ്‌ഐ സംസ്ഥാന നേതാക്കളടക്കം ഇടപെട്ട് തിരുത്തല്‍ നടപടികളും മുന്നോട്ടുവച്ചു.

എന്നാല്‍ കോളജില്‍ കെഎസ്‌യു. യൂണിറ്റ് ആരംഭിച്ചതുമുതല്‍ എസ്എഫ്‌ഐ. ജില്ലാ നേതാക്കളുടെയടക്കം ഭീഷണിയാണെന്നാണ് പരാതി. സംഘടനാ പ്രവര്‍നവുമായി മുന്നോട്ടുപോയാല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനുഭവമുണ്ടാകുമെന്നും ഭീഷണിയുയര്‍ന്നു. ഇതോടെയാണ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്. കെഎസ്‌യുവില്‍ അംഗത്വമെടുക്കുന്ന വിദ്യാര്‍ഥികളെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തുന്നതായും ഇടത് അനുകൂല സംഘടനയിലെ അധ്യാപകര്‍ ഇതിന് പിന്തുണ നല്‍കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

Related posts