നിങ്ങളുടെ ശരീരത്തിൽനിന്നും ദുർഗന്ധം വമിക്കുന്നുണ്ടോ‍? എങ്കിൽ സൂക്ഷിക്കുക…

ഫ്ളോറിഡ: നിങ്ങളുടെ ശരീരത്തിലെ ദുർഗന്ധം മറ്റൊരാൾക്ക് അസഹനീയമായാൽ സൂക്ഷിക്കുക…. മയാമിയിൽ ജനുവരി 23 നാണ് സംഭവം.

ഫ്ളോറിഡയിൽ നിന്നും വെക്കേഷൻ കഴിഞ്ഞു അമേരിക്കൻ എയർലൈൻസിൽ മിഷിഗണിലേക്ക് പുറപ്പെട്ടതായിരുന്നു യോസി ആർഡറും ഭാര്യ ജനിയും 19 മാസം പ്രായമുള്ള മകളും അടങ്ങിയ കുടുംബം. സഹയാത്രികർ ഇവരുടെ ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി വിമാനജീവനക്കാരോട് പരാതിപ്പെട്ടു. യാത്രക്കാരുടെ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടതോടെ അമേരിക്കൻ എയർലൈൻസ് ജീവനക്കാർ മൂവരെയും വിമാനത്തിൽ നിന്നും ഇറക്കിവിട്ടു.

അതേസമയം ദിവസവും രാവിലെ കുളിക്കുന്ന പതിവുണ്ടെന്നും ശരീരത്തിലെ ദുർഗന്ധമല്ല, ജൂതമത വിശ്വാസികളായതുകൊണ്ടാണു തങ്ങളെ ഇറക്കിവിട്ടതെന്നുമാണ് കുടുംബം ഇതേക്കുറിച്ച് പരാതിപ്പെട്ടത്. എന്നാൽ ഇവരുടെ പരാതി അമേരിക്കൻ എയർലൈൻസ് അധികൃതർ തള്ളിക്കളഞ്ഞു. മാത്രമല്ല ഇവർക്ക് ഹോട്ടൽ സൗകര്യവും പിറ്റേ ദിവസത്തെ വിമാന ടിക്കറ്റും നൽകിയതായും അധികൃതർ പറയുന്നു.

ഒടുവിൽ സംഭവം വിവാദമായപ്പോൾ അമേരിക്കൻ എയർലൈൻസിനെ പിന്തുണച്ചു ഹൂസ്റ്റൺ യൂണിവേഴ്സിറ്റി പ്രഫസർ രംഗത്തെത്തി. ഇന്ത്യയിൽ നിന്നും സൗത്ത് ഏഷ്യയിൽ നിന്നുമുള്ളവർ ഗാർലിക്, മസാല എന്നിവ അമിതമായി ഉപയോഗിക്കുന്നതിനാലാണ് ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തം. സഹയാത്രികൾ ഇതു പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രഫസർ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts