പ്രണയരഹസ്യം വീട്ടുകാരറിഞ്ഞു; കാമുകിയെ പെട്രോൾ ഒഴിച്ചു കത്തിച്ചശേഷം യുവാവും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം നടന്നത് കോട്ടയത്ത്

FIREകോട്ടയം: സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ (എസ്എംഇ) വിദ്യാർഥികളായ കമിതാക്കൾക്കും രണ്ടു സുഹൃത്തുക്കൾക്കും കോളജിനുള്ളിൽ വച്ച് ഗുരുതരമായി പൊള്ളലേറ്റു. കൊല്ലം നീണ്ടകര സ്വദേശി ആദർശ് (25), കായംകുളം ചിങ്ങോലി സ്വദേശിനി ലക്ഷ്മി (21) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരെ രക്ഷിക്കാൻ എത്തിയ സുഹൃത്തുക്കളായ അജ്മൽ, അശ്വിൻ എന്നിവർക്കും പൊള്ളലേറ്റു. ഇവരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സുഹൃത്തുക്കളുടെ നില ഗുരുതരമല്ല.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ആദർശും ലക്ഷ്മിയും പ്രണയബന്ധം വീട്ടുകാർ അറിഞ്ഞത് രാവിലെ ഇരുവരും തമ്മിൽ തർക്കത്തിനിടയാക്കി. തുടർന്ന് ആദർശ് ലക്ഷ്മിയുടെ ശരീരത്ത് പെട്രോൾ ഒഴിച്ചു. ലക്ഷ്മി പരിഭ്രാന്തിയിൽ കോളജ് ലൈബ്രറിക്കുള്ളിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ ആദർശ് തന്‍റെ ശരീരത്തും പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇവരെ രക്ഷിക്കാൻ എത്തിയ സുഹൃത്തുക്കൾക്കാണ് പൊള്ളലേറ്റത്.

ആദർശിന്‍റെ ശരീരത്തിൽ 80 ശതമാനവും ലക്ഷ്മിയുടെ ശരീരത്തിൽ 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവ സ്ഥലത്ത് പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.

Related posts