തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് എതിരില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
പുന്നയ്ക്കാമുഗള്‍ വാര്‍ഡില്‍ നിന്നു മത്സരിച്ച് കൗണ്‍സിലറായ ആര്.പി.ശിവജിയാണ് എല്‍ഡിഎഫിനു വേണ്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് അടുത്ത ദിവസം തീരുമാനിക്കും.
കോര്‍പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭൂരിപക്ഷം നേടിയ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. വി.വി. രാജേഷ്, ആര്. ശ്രീലേഖ ഐപിഎസ്, കരമന അജിത്ത്, ഗിരികുമാര്‍ എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയില്‍ ഭരണപരിചയമുള്ളയാളെ മേയറാക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. വി.വി. രാജേഷിനാണ് മുന്‍ഗണന. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ മികച്ച പ്രതിപക്ഷമായാണ് ബിജെപി പ്രവര്‍ത്തിച്ചത്.
എല്‍ഡിഎഫിന്റെ തെറ്റായ നടപടികള്‍ക്കെതിരെ കോര്‍പറേഷനകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ നേതൃത്വം നല്‍കിയതില്‍ പ്രധാന പങ്ക് വഹിച്ചത് വി.വി. രാജേഷിന്റെ നേതൃപാഠവവും കൊണ്ടാണ്.
കേന്ദ്ര നേതൃത്വമാണ് മേയറുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. മേയര്‍ ആരെന്ന കാര്യത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ബിജെപി കേന്ദ്ര നേതാക്കളുമായി ആശയവിനിമയം നടത്തി. അന്തിമ തീരുമാനം അടുത്ത ദിവസം പ്രഖ്യാപിക്കും.
