കോവിഡ്19നെ 1918ലെ പകര്‍ച്ചപ്പനിയുമായി താരതമ്യം ചെയ്തുള്ള പഠനം ലോകത്തെ നടുക്കുന്നു; പഠനപ്രകാരം അമേരിക്കയില്‍ 22 ലക്ഷം ആളുകളും ബ്രിട്ടനില്‍ അഞ്ചു ലക്ഷം ആളുകളും മരിക്കാന്‍ സാധ്യത…

കോവിഡ്19 ലോകത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ ബ്രിട്ടീഷ് സംഘത്തിന്റെ പുതിയ പഠനവിവരം അമേരിക്കയെയും ബ്രിട്ടനെയും കൂടുതല്‍ ഭയപ്പാടിലാക്കുകയാണ്.

ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം.

കോവിഡ് ബാധ മൂലം യുഎസില്‍ മാത്രം 22 ലക്ഷം ആളുകള്‍ മരിച്ചേക്കാമെന്നാണ് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ അഞ്ചു ലക്ഷം പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളും ഈ പഠനം ശുപാര്‍ശ ചെയ്യുന്നു.

കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ട് തിങ്കളാഴ്ച മുതല്‍ യുകെയില്‍ സാമൂഹികമായി അകലം പാലിക്കല്‍ (സോഷ്യല്‍ ഡിസ്റ്റന്‍സിങ്) ശക്തമായി നടപ്പാക്കിത്തുടങ്ങിയിരുന്നു.

മാത്രമല്ല 70നു മുകളില്‍ പ്രായമുള്ളവരെ നിര്‍ബന്ധമായി ഐസൊലേറ്റ് ചെയ്യണമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദ്ദേശം. അതീവ ഗുരുതരമായ സ്ഥിതിവിശേഷങ്ങളാണ് വരാന്‍ പോകുന്നതെന്ന് സംഘത്തിലുണ്ടായിരുന്ന കോളജിലെ ഗ്ലോബല്‍ ഹെല്‍ത്ത് എപിഡെമിയോളജി വിദഗ്ധന്‍ ടിം കോള്‍ബണ്‍ പറഞ്ഞു. ഈ പഠനറിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തുടര്‍നടപടികള്‍ എടുത്തത്.

സാമ്പത്തികമായും സാമൂഹികവുമായും വലിയ ആഘാതമാണ് ബ്രിട്ടന് ഉണ്ടായിരിക്കുന്നത്. ബ്രീട്ടിഷ് ഗവണ്‍മെന്റ് മതിയായ ഗൗരവത്തോടെ കൊറോണയെ കണ്ട് വേഗത്തില്‍ നടപടി സ്വീകരിച്ചില്ല എന്ന പരാതി ആരോഗ്യവിദഗ്ധര്‍ക്കുണ്ട്.

ഇറ്റലിയും ഫ്രാന്‍സും സ്പെയിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമ്പോളാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിസ്സംഗത. എന്തായാലും പുതിയ പഠന റിപ്പോര്‍ട്ട് ബ്രിട്ടീഷ് ഗവണ്‍മെന്റിനെ മാറ്റി ചിന്തിപ്പിച്ചേക്കാമെന്ന് പ്രതീക്ഷിക്കാം.

Related posts

Leave a Comment