തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിൽ കത്തിനശിച്ച ബൈക്കുകൾക്കു നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനമായി. ആർസി ബുക്ക് പരിശോധിച്ച് ഓരോ ബൈക്കിനും കരാറുകാരൻ നിശ്ചയിക്കുന്ന തുകയാണ് നഷ്ടപരിഹാരമായി നൽകുക. ഇതു വിതരണംചെയ്യൽ തുടങ്ങി. നഷ്ടപരിഹാരം തൃപ്തികരമല്ലാത്തവർക്ക് ഉപഭോക്തൃ കമ്മീഷനെ സമീപിക്കാം.
നേരത്തേ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചിരുന്നെങ്കിലും വാഹനം ഏറ്റുവാങ്ങി കൊണ്ടുപോകുന്നുവെന്നു വെസ്റ്റ് പോലീസ് സ്റ്റേഷനിൽ മുൻകൂർ കച്ചീട്ട് ഒപ്പിട്ടുനൽകിയാൽമാത്രമേ തുക എത്രയെന്നു വെളിപ്പെടുത്താൻ കഴിയൂ എന്നായിരുന്നു കരാറുകാരന്റെ നിലപാട്. പോലീസിൽ കച്ചീട്ട് ഒപ്പിട്ടുകഴിഞ്ഞാൽ കരാറുകാരൻ നൽകുന്ന തുക സ്വീകരിക്കാൻ ഉടമ നിർബന്ധിതനാകുമായിരുന്നു.
ഈ നിർദേശം പിൻവലിക്കണമെന്നു ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനോട് ടൂവീലർ യൂസേഴ്സ് അസോസിയേഷൻ അഭ്യർഥിച്ചിരുന്നു. കളക്ടർ അനുകൂലനിലപാട് സ്വീകരിച്ചതോടെ നഷ്ടപരിഹാരത്തുക തൃപ്തികരമാണെങ്കിൽമാത്രം കരാറുകാരനിൽനിന്നു നഷ്ടപരിഹാരം വാങ്ങിയാൽ മതി. കത്തിനശിച്ച വാഹനാവശിഷ്ടങ്ങൾ ഉടമകളുടെ സമ്മതമില്ലാതെ ദുരന്തസ്ഥലത്തുനിന്നു മാറ്റാൻ ആരെയും അനുവദിക്കരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ജനുവരി നാലിനു മുന്നൂറ്റിമുപ്പതോളം ബൈക്കുകളാണു പൂർണമായി കത്തിനശിച്ചത്. വാഹനങ്ങൾക്കു സുരക്ഷ നൽകുന്നതിൽ റെയിൽവേയുടെയും കരാറുകാരന്റെയും ഭാഗത്തുനിന്നു ഗുരുതരവീഴ്ച ഉണ്ടായിട്ടുള്ളതിനാൽ ഉടമകൾക്കു നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും സമരപരിപാടികളും ടൂവീലർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.
