പ്രണയബന്ധം ആരോപിച്ച് 14കാരനെ മര്‍ദിച്ച കേസ് ! ഒതുക്കിത്തീര്‍ക്കാന്‍ പയ്യനുനേരെ ഭീഷണിയുമായി പോലീസ്…

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രണയബന്ധം ആരോപിച്ച് പതിനാലുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ ഊര്‍ജ്ജിത ശ്രമം.

ഒന്‍പതാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ക്രൂരമായി മര്‍ദിച്ച കേസിലാണ് പ്രതികള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പിന് പോലീസ് ശ്രമിച്ചത്.

കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ മറ്റൊരു വ്യാജപ്പരാതിയില്‍ പതിനാലുകാരനെ റിമാന്‍ഡ് ചെയ്യിക്കുമെന്നാണ് പൊലീസിന്റെ ഭീഷണി.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിന്റെ അച്ഛനും ബന്ധുവും ചേര്‍ന്നാണ് പതിനാലുകാരനെ പ്രണയബന്ധം ആരോപിച്ച് ക്രൂരമായി മര്‍ദിച്ചത്.

പതിനാലു ദിവസം പരിക്കുകളോടെ ആശുപത്രിയില്‍ കഴിഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി അറിയിച്ചിട്ടും ദളിത് കുടുംബത്തിന് നീതി ലഭിച്ചില്ല.

പ്രതികള്‍ക്ക് വേണ്ടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് നയപരമായി കുടുംബത്തെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി കോടതിയില്‍ കയറിയിറങ്ങി നടക്കേണ്ടി വരുമെന്നാണ് ഉപദേശം

ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് കണ്ടതോടെ മര്‍ദനമേറ്റ കുട്ടിയെ കേസില്‍ പ്രതിയാക്കുമെന്നായി ഭീഷണി.

പെണ്‍കുട്ടിയെ വീട്ടില്‍ കയറി ഉപദ്രവിച്ചെന്ന വ്യാജപരാതിയില്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് ഭീഷണി മുഴക്കിയെന്ന് കുടുംബം പറയുന്നു.

വിദ്യാര്‍ത്ഥി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതാണ് പ്രകോപനമെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ വാദം വട്ടിയൂര്‍ക്കാവ് പൊലീസും അതേപടി ഉന്നയിക്കുകയാണ്.

പണം വാങ്ങി നല്‍കാം കേസ് പിന്‍വലിക്കണം എന്ന സമ്മര്‍ദ്ദത്തിന് നില്‍ക്കാതെ നിയമപോരാട്ടം തുടരുമെന്ന നിലപാടിലാണ് ഈ കുടുംബം.

Related posts

Leave a Comment