കണ്ണൂർ: മാട്രിമോണിയലിൽ പരിചയപ്പെട്ട 30 കാരിയിൽനിന്നും പണവും സ്വർണവും തട്ടിയെടുത്തയാൾക്കെതിരേ കേസ്. അഴീക്കോട് മീൻകുന്ന് സ്വദേശിനിയായ 30 കാരിയുടെ പരാതിയിലാണ് 35 കാരനായ നീർവേലി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തത്.
2022 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മുസ്ലീം മാട്രിമോണി സൈറ്റിലൂടെ യുവതിയെ പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി, പിന്നീട് പല കാരണങ്ങൾ പറഞ്ഞ് 30000 രൂപയും നാലര പവൻ സ്വർണവും കൈപ്പറ്റി.
വിവാഹം കഴിക്കാതെ പറ്റിക്കുകയാണെന്ന് മനസിലാക്കിയ യുവതി പണവും സ്വർണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് പറയുകയും ചെയ്തു.
തുടർന്ന് പല തവണ യുവതി ഇതേ ആവശ്യം ഉന്നയിച്ച് യുവാവിനെ സമീപിച്ചു. എന്നാൽ, കണ്ണൂരിൽ വന്നാൽ പണം നൽകാമെന്ന് പറഞ്ഞ യുവാവ് അവിടെ വച്ച് തന്നെ ഉപദ്രവിച്ചെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.