കേന്ദ്രസർക്കാരിന്റെ പ്രവൃത്തികളും നയപരമായ തീരുമാനങ്ങളും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ് അറിയേണ്ടിവരികയും അതു സ്ഥിരീകരിക്കാൻ നിവൃത്തിയില്ലാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന് അഭിമാനകരമല്ല. ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ, 140 കോടി ഇന്ത്യക്കാർക്കു ഗുണകരമാണെന്ന വിശേഷണംകൊണ്ടല്ല സ്ഥിരീകരിക്കേണ്ടത്.
വർധിപ്പിച്ച തീരുവയുടെ ഒരു ഭാഗം മാത്രം കുറച്ചിരിക്കുന്ന കരാർ നമ്മുടെ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നറിയില്ല. റഷ്യൻ എണ്ണ ഇനി ഇന്ത്യ വാങ്ങില്ലെന്നതും ട്രംപ് പറഞ്ഞുള്ള അറിവേയുള്ളൂ. വിശദാംശങ്ങളറിയാൻ ഇന്ത്യക്കാർ ട്രംപിന്റെ ട്രൂത്ത് സോഷ്യൽ കുറിപ്പു കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതൊക്കെ ഇന്ത്യയെന്ന പരമാധികാര രാജ്യത്തിനു സ്വാതന്ത്ര്യാനന്തരം പരിചിതമല്ലാത്ത വിധേയത്വമാണ്. പുത്തൻ അധിനിവേശങ്ങൾ കുതിരപ്പുറത്ത് തോക്കേന്തിയാകില്ല വന്നുകയറുന്നത്; അനുവദിക്കരുത്.
ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്നും അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങുമെന്നും മോദി സമ്മതിച്ചെന്നുള്ളതാണ് കരാറിന്റെ അടിസ്ഥാനമായി ട്രംപ് പറയുന്നത്. അതുകൊണ്ട് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന അധികതീരുവ 25 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറയ്ക്കുമത്രേ. റഷ്യൻ എണ്ണ വാങ്ങിയതിന്റെ ശിക്ഷയായി ചുമത്തിയ 25 ശതമാനം പിഴത്തീരുവയും പിന്‍വലിച്ചേക്കും. ഇതിനു പകരമായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളും മറ്റു തടസങ്ങളും “പൂജ്യം’ ആക്കി കുറയ്ക്കാന്‍ ഇന്ത്യ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിൽ വിട്ടുപോകാൻ പാടില്ലാത്ത കാര്യം, 50ൽനിന്നു (25+25) 18 ശതമാനമായി തീരുവ കുറച്ചത് ആഘോഷിക്കുന്പോൾ, പകരം തീരുവയും പിഴത്തീരുവയും ഏർപ്പെടുത്തുന്നതിനുമുന്പ് ഇതു വെറും 2.5 ശതമാനം ആയിരുന്നെന്നു മറക്കരുത്. അതായത് തർക്കത്തിനു മുന്പുണ്ടായിരുന്നതിന്റെ എഴിരട്ടിയിലധികം. ട്രംപിന്റെ അവകാശവാദങ്ങൾ മുഖവിലയ്ക്കെടുത്താൽ അമേരിക്ക വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നു. കരാറുകളുടെ പിതാവെന്നും 140 കോടി ജനങ്ങൾക്കു ഗുണകരമെന്നുമൊക്കെയുള്ള സർക്കാർ വിശേഷണങ്ങൾ യാഥാർഥ്യമാണെങ്കിൽ ഈ കരാർ പാർലമെന്റിൽ ചർച്ച ചെയ്യാൻ എന്താണ് തടസം?
ഇതു കയറ്റിറക്കുമതിക്കാരെ മാത്രം ബാധിക്കുന്ന കാര്യമല്ല. അന്തരീക്ഷ മലിനീകരണത്തിന്റെ വിഷപ്പുക ഡൽഹിയെ മൂടിയെങ്കിൽ, ഇന്ത്യ-യുഎസ് കരാറിലെ പുകമറ രാജ്യത്തെയാകെ മൂടുന്നുണ്ട്. അമേരിക്കൻ കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസിന്റെ വെളിപ്പെടുത്തലുകൾ അതിജീവനപ്പോരാട്ടത്തിലുള്ള ഇന്ത്യൻ കർഷകരെ അസ്വസ്ഥരാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ കാർഷികവിപണി തുറന്നുകൊടുക്കാൻ അമേരിക്കയെ അനുവദിച്ചിട്ടുണ്ടെന്നാണ് റോളിൻസ് പറഞ്ഞത്.
ഇതു ശരിയാണെങ്കിൽ ആപ്പിൾ, വാൽനട്ട്, ബദാം, ക്ഷീരോത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ഇന്ത്യൻ വിപണിയിലെത്തും. ഇപ്പോൾതന്നെ ഈ മേഖലയിലെ കൃഷിക്കാർ വലിയ പ്രതിസന്ധിയിലാണ്. സബ്സിഡിയുടെ പിൻബലമുള്ള അമേരിക്കൻ കർഷകരോടു മത്സരിക്കാൻ ഇന്ത്യക്കാർക്കു കഴിയില്ല. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിന്റെ വിശദാംശങ്ങളും വരാനിരിക്കുന്നതേയുള്ളൂ. പൊതുവായ ചില ധാരണകൾ നൽകുന്നതിനപ്പുറം പാർലമെന്റിൽ വിശദാംശങ്ങൾ നൽകുകയും ഓരോ മേഖലയും ചർച്ച ചെയ്യപ്പെടുകയും വേണം.
കരാർ ബാധിക്കുന്ന മേഖലകളിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവർക്കല്ലാതെ മാധ്യമങ്ങൾക്കും രാഷ്ട്രീയനേതാക്കൾക്കുമൊന്നും സമസ്തമേഖലയിലെയും ലാഭനഷ്ടങ്ങൾ വിലയിരുത്താനാകില്ല. അതുകൊണ്ട്, ഈ പുകമറ മാറ്റാൻ വൈകുവോളം ശ്വാസംമുട്ടൽ വർധിക്കുമെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയണം. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിൽ ഈ ഒളിച്ചുകളിയൊന്നും ഉണ്ടായിരുന്നില്ല.
കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിൽ കഴന്പില്ലെന്നാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. പകരം തീരുവ ഏർപ്പെടുത്തിയത് അമേരിക്കയാണെന്നും അതു പിൻവലിക്കുന്ന പ്രഖ്യാപനവും അവരാണു നടത്തേണ്ടതെന്നുമാണ് ഗോയലിന്റെ ന്യായീകരണം.
പക്ഷേ, വർധിപ്പിച്ച അധികത്തീരുവയിൽനിന്നു അല്പം മാത്രം കുറവ് വരുത്തി മുന്പുണ്ടായിരുന്നതിനേക്കാൾ തീരുവ അമേരിക്ക സ്ഥാപിച്ചെന്നും നമ്മുടെ കാർഷികമേഖലയും വിദേശവിപണിക്കു തുറക്കപ്പെട്ടെന്നും ട്രംപിന്റെ ഏകപക്ഷീയ പ്രഖ്യാപനം ഇന്ത്യയെ ഒരു വിധേയരാജ്യത്തിന്റെ പരിവേഷത്തിലാക്കിയെന്നുള്ളത് അദ്ദേഹം മറന്നതല്ല, മറച്ചതാണ്.
ഇന്ത്യ-പാക് യുദ്ധമുൾപ്പെടെ താനാണ് നിയന്ത്രിച്ചത് എന്നതുൾപ്പെടെയുള്ള അവകാശവാദങ്ങൾക്കു പിന്നാലെ കരാറിലും ആവർത്തിച്ച അമേരിക്കൻ ഏകപക്ഷീയതയും ഇന്ത്യയുടെ മറുപടിയില്ലായ്മയും ഇന്ത്യൻ ജനാധിപത്യത്തിന് അപരിചിതമാണ്.
റഷ്യൻ എണ്ണ ഇനി ഇറക്കുമതി ചെയ്യില്ലേ, 2.5 ശതമാനത്തിനു പകരം 18 ശതമാനം തീരുവ അംഗീകരിച്ചോ, അമേരിക്കയിൽനിന്നുള്ള ഇറക്കുമതി തീരുവ പൂജ്യം ശതമാനമാണോ, ഇന്ത്യൻ കാർഷികവിപണി തുറന്നുകൊടുക്കാൻ സമ്മതിച്ചോ, എന്തുകൊണ്ടാണ് സംയുക്ത പ്രസ്താവന നടത്താതെ വിധേയപ്പെട്ടത്, കരാർ പാർലമെന്റിൽ ചർച്ച ചെയ്യാനുള്ള തടസം എന്താണ്…
തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തയുണ്ട്. കരാർ ഇന്ത്യക്കു ഗുണകരമോ ദോഷകരമോ എന്ന് അറിയാനുള്ള ആഗ്രഹത്തിനൊപ്പം സുതാര്യത നഷ്ടപ്പെട്ടെന്നു കരുതുന്ന ഒരു ജനാധിപത്യസമൂഹത്തിന്റെ ആശങ്കകളും രാജ്യത്തു പ്രകടമാണ്.
