പരവൂർ: റെയിൽവേ ടിക്കറ്റ് ബുക്കിംഗിലെ കുത്തകയ്ക്ക് പിന്നാലെ ഡിജിറ്റൽ പേയ്മെന്റ് മേഖലയിലും ആധിപത്യമുറപ്പിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഒരുങ്ങുന്നു. സ്വന്തം പേയ്മെന്റ് പ്ലാറ്റ്ഫോമായ “ഐആർസിടിസി പേയ്മെന്റ്സി’ലൂടെ പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ (1 ട്രില്യൺ) ഇടപാടുകൾ പ്രോസസ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ടിക്കറ്റ് ബുക്കിംഗിന് പുറമെ വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പേയ്മെന്റ് അഗ്രഗേറ്ററായി മാറുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം റിസർവ് ബാങ്കിൽ നിന്ന് പേയ്മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാൻ തത്വത്തിൽ അനുമതി ലഭിച്ചതോടെയാണ് ഐആർസിടിസി ഈ നീക്കം സജീവമാക്കിയത്.
നിലവിൽ ഐആർസിടിസി വഴിയുള്ള ടിക്കറ്റ് ബുക്കിംഗിന്റെ 20 ശതമാനത്തോളം മാത്രമാണ് സ്വന്തം ഗേറ്റ്വേയായ “ഐ-പേ’ വഴി നടക്കുന്നത്. ഇത് വരും വർഷങ്ങളിൽ പൂർണമായും സ്വന്തം പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതോടെ 70,000 കോടി രൂപയുടെ വിനിമയം ഉറപ്പാക്കാൻ സാധിക്കും. ഇതിന് പുറമെ ജിഎസ്ടി പേയ്മെന്റുകൾ, മുനിസിപ്പൽ നികുതികൾ, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങിയ സർക്കാർ സേവനങ്ങളുടെ പണമിടപാടുകൾ കൂടി ഏറ്റെടുക്കുന്നതോടെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
ഡിജിറ്റൽ പേയ്മെന്റ് മേഖലയിലെ പ്രമുഖരായ ബിൽഡെസ്ക്, റേസർപേ തുടങ്ങിയ കമ്പനികൾക്ക് ഐആർസിടിസിയുടെ ഈ വരവ് വലിയ വെല്ലുവിളിയാകും. വിപുലമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒരു ടെക്നോളജി സർവീസ് പ്രൊവൈഡറെ കമ്പനി ഇതിനകം നിയമിച്ചിട്ടുണ്ട്.
നിലവിൽ പ്രതിദിനം 15 ലക്ഷത്തിലധികം ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്ഫോം എന്ന നിലയിൽ പേയ്മെന്റ് മേഖലയിൽ ഐആർസിടിസിക്ക് വലിയ സാധ്യതകളാണുള്ളത്. സർക്കാർ ക്ലയന്റുകൾക്കിടയിൽ വിശ്വസനീയമായ ഒരു പ്ലാറ്റ്ഫോമായി വളരുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ പേയ്മെന്റ് അഗ്രഗേറ്ററായി മാറാനാണ് റെയിൽവേയുടെ ഈ ഉപസ്ഥാപനം ലക്ഷ്യമിടുന്നത്.
- എസ്. ആർ. സുധീർ കുമാർ
