ആലുവ: ഭൂഗർഭ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കീഴ്മാട് പഞ്ചായത്ത് പരിധിയിൽ മൂന്നാം ദിവസവും കുടിവെള്ളം ഭാഗികമായി മുടങ്ങി. അറ്റകുറ്റപ്പണി നടത്തി പമ്പിംഗ് പുന:രാരംഭിച്ചപ്പോഴാണ് കീഴാട് മലയൻകാട് അയ്യൻകുഴി ക്ഷേത്രത്തിന് സമീപം ഇന്നലെ പുലർച്ചെ വീണ്ടും പൊട്ടിയത്.
രാത്രിയോടെ പമ്പിംഗ് ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച്ച രാത്രി 11.30 ഓടെയാണ് പൈപ്പ് പൊട്ടിയ പൈപ്പാണ് അറ്റകുറ്റപണിക്ക് ശേഷം ഇന്നലെ പുലർച്ചെ വീണ്ടും തകർന്നത്. ശക്തമായി വെള്ളം പുറത്തേക്ക് ഒഴുകിയതിനാൽ റോഡ് തകർന്ന് വലിയ കുഴിയും രൂപപ്പെട്ടു.
ഇത് കാരണം കീഴ്മാട് സർക്കുലർ റോഡിൽ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.ആലുവയിലെ പമ്പിംഗ് ഹൗസിൽ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളം തോട്ടുമുഖം ശ്രീനാരായണ ഗിരിക്ക് സമീപത്തെ ജലസംഭരണിയിലാണ് ആദ്യം ശേഖരിക്കുന്നത്.
ഇവിടെ നിന്നുള്ള രണ്ടാം ഘട്ട പമ്പിംഗ് മർദ്ദം താങ്ങാനാകാതെയാണ് പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നത്. ഇതേത്തുടർന്ന് ജലസംഭരണിയിൽ നിന്ന് ഈ മേഖലയിലേക്കുള്ള പമ്പിംഗ് വാട്ടർ അഥോറിറ്റി നിർത്തി വച്ചു.
ഇതോടെ കീഴ്മാട്, സൊസൈറ്റിപ്പടി, മാടപ്പിള്ളിത്താഴം, റേഷൻകട കവല, മലയൻകാട്, കുന്നുംപുറം, കുട്ടമശേരി, ചാലക്കൽ ഭാഗത്ത് ജലവിതരണം പൂർണമായി മുടങ്ങി.ഭൂമിക്കടിയിൽ 300 എംഎം വ്യാസമുള്ള ആസ്ബസ്റ്റോസ് പൈപ്പുകളാണ് കാലപ്പഴക്കത്താൽ ഇടയ്ക്കിടക്ക് പൊട്ടുന്നത്.
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പുകൾ മാറ്റുന്നതിന് വാട്ടർ അഥോറിറ്റിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ വർഷങ്ങളായി നീണ്ടുപോകുകയാണ്.
