വെറും 16 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകുമെന്ന ഓഫർ കേട്ട് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഉത്തർപ്രദേശിലെ കാൻപൂരിലെ ആലം മാർക്കറ്റിൽ ഓഗസ്റ്റ് 15ന് അർധരാത്രി ഉണ്ടായ ജനത്തിരക്ക് തല്ലിയോടിച്ച് പോലീസ്. തിക്കിലും തെരക്കിലും പെട്ട് അപകടാവസ്ഥ ഉണ്ടായതോടെയാണ് പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
ആലം മാർക്കറ്റിലെ വസ്ത്രവ്യാപാരിയായ റെയിസ് ആലമിന്റെ മകന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് വേറിട്ട ഓഫർ പ്രഖ്യാപിച്ചത്. രാത്രി 11.59 മുതൽ 16 മിനിറ്റ് നേരം കടയിലുള്ള എല്ലാത്തരം വസ്ത്രങ്ങളും (സ്യൂട്ടുകൾ, ജീൻസുകൾ, ഷർട്ടുകൾ എന്നിവ) വെറും 16 രൂപയ്ക്ക് നൽകുമെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഓഫർ.
വാർത്ത പടർന്നതോടെ 11.30 ഓടെ ആയിരക്കണക്കിന് ആളുകളാണ് കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. പെട്ടെന്നുണ്ടായ വൻ തിരക്കിൽ റോഡിൽ ആളുകൾ വീഴുകയും ഓട്ടത്തിനിടയിൽ ചെരിപ്പുകൾ ചിതറിക്കിടക്കുകയും ചെയ്തു. ആളുകൾ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഭീതിജനകമായ അന്തരീക്ഷമാണ് ഉടലെടുത്തത്. തിക്കിലും തിരക്കിലും പെട്ട് ഒരു ഡസനിലേറെ പേർക്ക് പരിക്കേറ്റു.
വിവരമറിഞ്ഞ് എസിപി മഞ്ചയ് സിംഗിന്റെ നേതൃത്വത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകാർ സ്ഥലത്തെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പോലീസ് ലാത്തിവീശി ആളുകളെ ഓടിച്ചു.
അതിനിടെ കടയുടമ റെയിസ് ആലം കട പൂട്ടി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കടയ്ക്ക് മുന്നിലുണ്ടായിരുന്ന ഇയാളുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചതിനും അനുമതിയില്ലാതെ ഇത്തരം ഓഫർ പരസ്യം നൽകിയതിനും റെയിസ് ആലമിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
