നീന്തൽക്കുളത്തിലെ ഡൈവിംഗ് ബോർഡിൽ നിന്ന് വെള്ളത്തിലേക്ക് ചാടാൻ ഭയന്ന് മടിച്ച നിമിഷത്തിൽ, ചുറ്റും കൂടിയ അപരിചിതരായ മനുഷ്യരുടെ കയ്യടിയും പ്രോത്സാഹനവും കരുത്താക്കി ആത്മവിശ്വാസത്തോടെ വെള്ളത്തിലേക്ക് എടുത്തുചാടിയ ഏഴുവയസുകാരന്റെ മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ടെക്സസിലെ ഓസ്റ്റിനിലുള്ള ബാർട്ടൺ സ്പ്രിംഗ്സ് പൂളിൽ ആഗസ്റ്റ് 30നായിരുന്നു കണ്ണ് നിറയ്ക്കുന്ന ഈ സംഭവം. നീന്തൽക്കുളത്തിലെ ഡൈവിംഗ് ബോർഡിൽ കയറിയ കുട്ടി, ആഴമേറിയ വെള്ളത്തിലേക്ക് ചാടാൻ ഭയന്ന് അതിന്റെ അറ്റത്ത് മടിച്ചുനിൽക്കുകയായിരുന്നു. കുട്ടിയെ പിടിച്ചെടുക്കാനായി പിതാവ് താഴെ വെള്ളത്തിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
മകന്റെ ഭയം കണ്ട ചുറ്റുമുള്ള ആളുകൾ ഒന്നിച്ച് കുട്ടിയെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങുകയും ഉറക്കെ ആർത്തുവിളിക്കുകയും ചെയ്തു. ഈ കയ്യടികൾ നൽകിയ ആത്മവിശ്വാസത്തിൽ കുട്ടി ഒടുവിൽ ധൈര്യപൂർവ്വം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. കുട്ടി ഡൈവിംഗ് ബോർഡിൽ നിന്ന് കാലുയർത്തിയ നിമിഷം മുതൽ അവിടെയുണ്ടായിരുന്ന മുഴുവൻ ജനങ്ങളും വലിയ സന്തോഷത്തോടെ ആർപ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്തു.
ഹേലി പാമർ എന്നയാൾ പകർത്തി ടിക് ടോക്കിലും എക്സിലും പങ്കുവെച്ച വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. തികച്ചും അപരിചിതനായ ഒരു കുട്ടിയുടെ ഭയം മാറ്റി അവന് ധൈര്യം നൽകാൻ ശ്രമിച്ച അവിടെകൂടി ആളുകളെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. ചെറിയൊരു പ്രോത്സാഹനം നൽകിയാൽ ഏതൊരു വലിയ ഭയത്തെയും തരണം ചെയ്യാൻ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ വീഡിയോ.
