പരവൂർ: വിപണിയിൽ ലഭിക്കുന്ന മാമ്പഴം, വാഴപ്പഴം, പപ്പായ തുടങ്ങിയവ കൃത്രിമമായി പഴുപ്പിക്കാൻ നിരോധിത രാസവസ്തുവായ കാത്സ്യം കാർബൈഡ് ഉപയോഗിക്കുന്നത് കണ്ടെത്താൻ സ്ട്രിപ്പ് പേപ്പർ ടെസ്റ്റ് നിർബന്ധമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന കൃത്രിമമായ പഴുപ്പിക്കൽ രീതികൾക്കെതിരേ കർശന നടപടിയെടുക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർക്ക് എഫ്എസ്എസ്എഐ നിർദേശം നൽകി.
കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡിൽ നിന്ന് പുറത്തുവരുന്ന അസറ്റിലീൻ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്താനാണ് ഈ പരിശോധന നടത്തുന്നത്. സംശയമുള്ള പഴങ്ങൾ ഒരു അടച്ച പാത്രത്തിൽ വയ്ക്കുന്നു. ഇതിൽ പ്രത്യേക രാസവസ്തുക്കൾ (ഉദാഹരണത്തിന് പൊട്ടാസ്യം പെർമാംഗനേറ്റ്) കലർത്തിയ ഈർപ്പമുള്ള പേപ്പർ സ്ട്രിപ്പ് വയ്ക്കുന്നു.പഴങ്ങളിൽ കാർബൈഡ് ഉണ്ടെങ്കിൽ പേപ്പർ സ്ട്രിപ്പിന്റെ നിറം പെട്ടെന്ന് മാറുന്നു. ഇത് കച്ചവടക്കാരെയും മൊത്തക്കച്ചവടക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തെളിവായി ഉപയോഗിക്കാം.
പഴങ്ങൾ വേഗത്തിൽ പഴുക്കാൻ ഉപയോഗിക്കുന്ന മസാല അഥവാ കാൽസ്യം കാർബൈഡ് മനുഷ്യ ശരീരത്തിന് അങ്ങേയറ്റം ദോഷകരമാണ്. ഛർദി, ചർമത്തിലെ അൾസർ, ശ്വാസതടസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. 2011-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇതിന്റെ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്. പഴുപ്പിക്കാൻ സുരക്ഷിതമായ മാർഗമായി എഥിലീൻ വാതകം ഉപയോഗിക്കാമെങ്കിലും പഴങ്ങൾ ഇതുമായി നേരിട്ട് സമ്പർക്കം പുലർത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
