തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കൈവരിച്ച നേട്ടത്തിന്റെ ചൂടാറുംമുന്പ് അതിലേക്കു വീണ കരടായിരിക്കുന്നു തൃശൂർ മറ്റത്തൂരിലെ ബിജെപി ബാന്ധവം. എട്ട് കോൺഗ്രസ് അംഗങ്ങളാണ് രാജിവച്ചു ബിജെപി പിന്തുണയിൽ സ്വതന്ത്രയെ പ്രസിഡന്റാക്കിയത്. എട്ട് അംഗങ്ങളെയും പ്രാഥമികാംഗത്വത്തിൽനിന്നു കോൺഗ്രസ് പുറത്താക്കി.
അവരാരും ബിജെപിയിൽ ചേർന്നിട്ടില്ലെന്നു പ്രതിപക്ഷനേതാവ് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, അവർ ബിജെപിയുമായി നടത്തിയ അവിഹിതത്തിൽ പ്രസിഡന്റ് പിറന്നു എന്ന യാഥാർഥ്യം ഇല്ലാതാകില്ല. ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനുമുള്ള വോട്ടുകൾ കൊടുക്കാൻ വോട്ടർമാർക്കറിയാം. അങ്ങനെ സമ്മാനമായി കിട്ടിയതു വിൽക്കുന്നത് ആരായാലും വോട്ടർമാരോടുള്ള ചതിയാണ്. മറ്റത്തൂരിൽ ആ കച്ചവടം കോൺഗ്രസാണു നടത്തിയത്. രാജ്യമെങ്ങും പ്രസംഗിച്ചതിനു കടകവിരുദ്ധം!
എൽഡിഎഫ് ഭരണം പിടിക്കാതിരിക്കാനായിരുന്നു കോൺഗ്രസുകാർ ബിജെപിയെ പിന്തുണച്ചത്. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫ് 10, കോൺഗ്രസ് എട്ട്, ബിജെപിക്കു നാല്, യുഡിഎഫ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു അംഗബലം. കോൺഗ്രസിന്റെ എട്ടും ബിജെപിയുടെ മൂന്നും വോട്ട് ലഭിച്ചതോടെ 12 വോട്ടിനു സ്വതന്ത്ര പ്രസിഡന്റായി. സംസ്ഥാനതലത്തിൽ നോക്കിയാൽ, ഒരു പഞ്ചായത്ത് ഭരണം ലഭിക്കുന്നതിനേക്കാൾ വലിയ രാഷ്ട്രീയനേട്ടമാണ് മറ്റത്തൂരിലെ കോൺഗ്രസുകാരുടെ ബിജെപി ബന്ധത്തിലൂടെ സിപിഎമ്മിനു ലഭിച്ചിരിക്കുന്നത്.
അത്തരമൊരു ബന്ധം സംസ്ഥാനത്ത് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യുമെന്നു കോൺഗ്രസിനു തിരിച്ചറിവുണ്ടായുമില്ല. വിജയിയുടെ ആത്മവിശ്വാസത്തിൽനിന്ന് സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടവന്റെ പ്രതിരോധത്തിലേക്കു കോൺഗ്രസിനെ തള്ളിയിട്ടതു പാർട്ടിക്കാർ തന്നെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയകരമായി പാർട്ടിയെ നയിച്ച സംസ്ഥാന നേതൃത്വത്തിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മറുപടി പറയേണ്ടിവരാവുന്ന ഗൗരവമുള്ള ചോദ്യമാണ് മറ്റത്തൂർ തയാറാക്കിക്കൊടുത്തത്.
പക്ഷേ, അഗളിയിൽ കോൺഗ്രസിൽനിന്നു കൂറുമാറിയ വനിതാ അംഗത്തെ പ്രസിഡന്റാക്കിയ എൽഡിഎഫ് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ചു സംസാരിക്കുന്നതിൽ വൈരുധ്യാത്മകതയുണ്ട്. കൂറുമാറ്റ നിയമപ്രകാരം അയോഗ്യയാക്കുമെന്ന് ഉറപ്പായതോടെ, അഗളിയിൽ പാർട്ടിയെയും വോട്ടർമാരെയും ചതിച്ച് പ്രസിഡന്റായ വ്യക്തി രാജിവയ്ക്കുകയും കോൺഗ്രസിനോടുള്ള ആത്മാർഥത ആലപിച്ച് ഘർവാപ്പസി നടത്തുകയും ചെയ്തു. മറുവശത്ത്, രാജ്യം ഭരിക്കുന്ന ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ചു പറയുന്പോൾ ആത്മാഭിമാനം മുറിപ്പെടുന്ന എൽഡിഎഫും യുഡിഎഫും എസ്ഡിപിഐ ഉൾപ്പെടെയുള്ള മുസ്ലിം മൗലികവാദ പാർട്ടികളുടെ പിന്തുണ ഉളുപ്പില്ലാതെ സ്വീകരിക്കുകയും ചെയ്തു.
പത്തനംതിട്ട കോട്ടാങ്ങൽ, തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തുകളിലെ ഭരണസമിതി തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുഡിഎഫിനെയും മലപ്പുറം മാറഞ്ചേരിയിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും പിന്തുണയ്ക്കുകയും ചെയ്തു. വിവാദമായതോടെ കോട്ടാങ്ങലിലും പാങ്ങോട്ടും സത്യപ്രതിജ്ഞയ്ക്കുശേഷം യുഡിഎഫ് പ്രസിഡന്റുമാർ രാജിവച്ചു. മാറഞ്ചേരിയിൽ എസ്ഡിപിഐ പിന്തുണച്ചിട്ടും എൽഡിഎഫിനു ചീത്തപ്പേരു മാത്രം കിട്ടി. കാരണം, വോട്ടുനില തുല്യമായതോടെ നറുക്കെടുപ്പിൽ യുഡിഎഫ് അംഗമാണ് വൈസ് പ്രസിഡന്റായത്. ചുരുക്കത്തിൽ, അധികാരത്തിനുവേണ്ടി വർഗീയ-തീവ്രവാദ പിന്തുണ സ്വീകരിക്കുന്നതിൽ ഇരുമുന്നണികൾക്കും മടിയില്ല.
ചെയ്ത വോട്ട് തിരിച്ചെടുക്കാൻ ജനത്തിന് അവസരമില്ലെന്ന തിരിച്ചറിവാണ് ജനാധിപത്യ അട്ടിമറിയായ കൂറുമാറ്റങ്ങളെ സജീവമാക്കിയത്. ആദർശരാഷ്ട്രീയക്കാരുടെ എണ്ണം കുറഞ്ഞതോടെ കാലുമാറ്റക്കാരുടെ എണ്ണം കൂടി. കൂടുതൽ ലാഭം എവിടെനിന്നു കിട്ടുമെന്നു ഗവേഷണം നടത്തി താക്കോൽസ്ഥാനം കൈക്കലാക്കിയശേഷം ആദർശം പ്രസംഗിക്കുന്നവരുമുണ്ട്. കൂറുമാറ്റം ജനാധിപത്യവിരുദ്ധമാണ്. തെരഞ്ഞെടുത്തവരെ തൊട്ടുപിന്നാലെ ചതിക്കുന്നതിനോളം കാപട്യം മറ്റെന്തുണ്ട്? ആർക്കെതിരെയാണോ തങ്ങൾ വോട്ട് ചെയ്തത് അവരുമായി ചേർന്ന്, തങ്ങൾ ജയിപ്പിച്ചവർ അധികാരം നുണയുന്നതിനോളം വോട്ടർമാരെ അവഹേളിക്കുന്ന മറ്റെന്തുണ്ട്? അക്കാര്യത്തിൽ ബിജെപി കുറേക്കൂടി സത്യസന്ധത കാണിക്കുന്നുണ്ട്.
കേരളത്തിൽ 35 സീറ്റ് കിട്ടിയാല് എൻഡിഎ ഭരിക്കുമെന്നു പറഞ്ഞത് സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനാണ്. ജനാധിപത്യത്തിൽ ഭൂരിപക്ഷമില്ലാത്തവർക്കു കൂറുമാറ്റത്തിലൂടെയല്ലാതെ ഭരിക്കാനാകില്ലെന്ന് അദ്ദേഹത്തിന് അറിയാത്തതല്ലല്ലോ. ഉത്തേരന്ത്യയിൽ പല സംസ്ഥാനങ്ങളിലും അവർ ആ വിധം അധികാരം പിടിച്ചിട്ടുമുണ്ട്. അതേസമയം, യുഡിഎഫും എൽഡിഎഫും സ്വയം വിശുദ്ധരാണെന്നു പ്രഖ്യാപിക്കുകയും അവിശുദ്ധ ബന്ധങ്ങളെ കൂടെപ്പാർപ്പിക്കുകയും ചെയ്യുന്നു.
ഇതൊന്നും എല്ലാവരെയും പൊള്ളിക്കുന്നില്ല. പക്ഷേ, തീവ്രവാദവും വർഗീയതയും രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായെന്നു തിരിച്ചറിയുന്നവരെ ഇടതു-വലതു മുന്നണികളുടെ ഇരട്ടത്താപ്പ് നിരാശരാക്കുന്നുണ്ട്; പ്രത്യേകിച്ചും കേരളത്തിൽ. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെ കൂറുമാറ്റക്കാരുടെ ഗുഹയാക്കിയവരുടെ കസേരകൾ തട്ടിത്തെറിപ്പിക്കുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യണം.
