ഹരിപ്പാട്: ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ് വയോധികയ്ക്കു പരിക്ക്. ആനാരി സ്വദേശിനി നബീസ (78) ആണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം ഹരിപ്പാട് സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു നബീസ. എന്നാൽ, യാത്രക്കാർ പൂർണമായും ഇറങ്ങിക്കഴിയുന്നതിന് മുൻപേ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് വഴിവച്ചത്. പെട്ടെന്ന് ബസ് നീങ്ങിയതോടെ ബാലൻസ് തെറ്റി നബീസ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
പരിക്കേറ്റ നബീസയെ ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് കാട്ടി നബീസയുടെ കുടുംബം ഹരിപ്പാട് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രായമായ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജീവനക്കാർ വീഴ്ചവരുത്തിയെന്ന് കെഎസ്ആർടിസി അധികൃതരും വിലയിരുത്തി. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയിൽ പ്രത്യേകിച്ച് വയോധികരുടെ കാര്യത്തിൽ ജീവനക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
