മോഹന്‍ലാല്‍,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം; മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മികതയാണ് ചോര്‍ന്ന് പോകുന്നതെന്ന് എം.എ നിഷാദ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ നിന്ന് എന്തിന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് സംവിധായകന്‍ എം.എ നിഷാദ്. കുറ്റവാളിയോ തീവ്രവാദിയോ അല്ലാത്ത മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ തെറ്റെന്താണെന്നും സര്‍ക്കാരിന്റെ പരിപാടിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മികതയാണ് ചോര്‍ന്ന് പോകുന്നതെന്നും നിഷാദ് ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിഷാദ് തന്റെ പ്രതികരണമറിയിച്ചത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ആളാണ് അദ്ദേഹം.

എം.എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍ലാലിനോട് എന്തിന് അയിത്തം ?
ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച്,പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു..മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സര്‍ക്കാര്‍ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം…

സത്യം പറയാമല്ലോ,അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല..മോഹന്‍ലാല്‍,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം…മോഹന്‍ലാല്‍,അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ്റ് ആയത് ഇന്നലെയാണ് (അതാണ് വിഷയമെന്കില്‍..അമ്മ ജനറല്‍ സെക്രട്ടറി ശ്രീമാന്‍ ഇടവേള ബാബു വിനെ അല്ലല്ലോ ക്ഷണിച്ചത്..അങ്ങനെയാണെങ്കില്‍ അതൊരു വിഷയമാക്കാം)…

മലയാളിയുടെ മനസ്സില്‍ നടനകലയിലൂടെ സ്ഥിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം..സര്‍ക്കാറിന്റ്റെ പരിപാടിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മ്മികതയാണ് ചോര്‍ന്ന് പോകുന്നത്..അത് കൊണ്ട് ആരുടെ പ്രാധാന്യമാണ് കുറയുന്നത്..പുരസ്‌കാര ജേതാക്കളുടേതോ ? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍…പുരസ്‌കാരം അടച്ചിട്ട മുറിയിലേക്ക് മാറ്റണമെന്നാണോ വാദം ?…

ഇതൊരുതരം വരട്ട് വാദമാണ്..മോഹന്‍ലാലിന്റ്റെ പ്രസ്താവനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍,അത് പരിശോധിക്കുകയോ,ആശയപരമായി ചര്‍ച്ചചെയ്യുകയോ ചെയ്യുന്നതിന് പകരം,ലാല്‍ എന്ന നടനെ പൊതു സമൂഹത്തില്‍ നിന്നങ്ങ് തുടച്ച് നീക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അക്കൂട്ടരോട് സഹതാപം മാത്രം…

മോഹന്‍ലാലിനെ ഇത് വരെ ചടങ്ങിന്റ്റെ കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്..അങ്ങനെ ഒരു ആലോചന വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്…തീരുമാനമാകാത്ത കാര്യത്തിനാണ് ഈ പടപ്പുറപ്പാട്…എന്തായാലും,ഒരു പുരസ്‌കാര ജേതാവ് എന്ന നിലയ്ക്ക് ഞാന്‍ അത് ഏറ്റു വാങ്ങും.. ഇതെന്റ്റെ നിലപാടാണ്..എന്റ്റെ ശരിയും…

NB..രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ എന്റ്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല

Related posts