കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ! 350 പേര്‍ പോലീസിന്റെ നിരീക്ഷണത്തില്‍; കുറ്റവാളികളെ പിടികൂടാന്‍ നൂതന സാങ്കേതിക വിദ്യ ആവിഷ്‌ക്കരിച്ച് പോലീസ്; വരും ദിവസങ്ങളില്‍ നിരവധിപേര്‍ അറസ്റ്റിലായേക്കും…

ബാലലൈംഗികത ഇന്റര്‍നെറ്റില്‍ പരതുന്നവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും അപ് ലോഡ് ചെയ്യുന്നവര്‍ക്കും ഇനി കിട്ടുക എട്ടിന്റെ പണി.

കേരള സൈബര്‍ ഡോമും കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ വിഭാഗവും ചേര്‍ന്ന് 350ഓളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിക്കുന്നത്.

കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പോലീസ് നടപടി.

ഡാര്‍ക്ക്നെറ്റ് വെബ്സൈറ്റുകളിലൂടെയും രഹസ്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിലും സ്ഥിരമായി കുട്ടികളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയുമാണ് പൊലീസ് നിരീക്ഷിക്കുന്നത്.

നോട്ടപ്പുള്ളികളുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും നിരീക്ഷണത്തിലാണ്. ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ വിവര ശേഖരത്തിന് പിന്നാലെ ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ കേരളത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു.

ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനവ്യാപകമായി പരിശോധനകള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 89 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. ജൂണ്‍മാസത്തില്‍ സംസ്ഥാനത്ത് 47 പേരാണ് അറസ്റ്റിലായത്.

സംസ്ഥാനത്തെ രണ്ടു ലക്ഷത്തിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളും മുപ്പതിനായിരത്തിലേറെ ടെലിഗ്രാം ഗ്രൂപ്പുകളും ഇതുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷിച്ച് വരുന്നുണ്ട്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങി 11 സമൂഹമാധ്യമങ്ങളും നിരീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാലത്ത് ഡാര്‍ക്‌നെറ്റ് ചാറ്റ് റൂമുകള്‍ക്കു പുറമേ വാട്‌സാപ്പിലും ടെലിഗ്രാമിലും ഇത്തരം ഗ്രൂപ്പുകള്‍ പെരുകിയെന്നും ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ വീടുകള്‍ക്കുള്ളില്‍ ദുരുപയോഗിക്കപ്പെട്ടുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ നിരവധി ആളുകള്‍ അറസ്റ്റിലായേക്കുമെന്നും സൂചനയുണ്ട്.

Related posts

Leave a Comment