രണ്ടു ദിവസം കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യത! സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ടും; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ

കേരളത്തില്‍ അടുത്ത രണ്ടുദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യും.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട്, ഇടുക്കി ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒഡീഷ തീരത്ത് രൂപം കൊണ്ട ചുഴലിക്കാറ്റ് ഡായെ ഛത്തീസ്ഗഡ് ഭാഗത്തേയ്ക്ക് സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പ്രഭവമാണ് കേരളത്തില്‍ മഴയിക്കിടയാക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കേരളത്തെ പ്രളയക്കെടുതിയിലാക്കി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഞായറാഴ്ച വരെ 2446.64 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന കാലവര്‍ഷക്കാലത്ത് കിട്ടേണ്ട ആകെ മഴയുടെ 25 ശതമാനം അധികമാണിത്.

Related posts