പന്തളം: വാഹനാപകടത്തിൽ മരിച്ചെന്നു കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി ’സംസ്കരിച്ച’ സാബു ജീവനോടെ തിരികെ എത്തിയപ്പോൾ വെട്ടിലായത് പോലീസ്.
കുടശനാട് വിളയിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുമോന്റെ മകൻ സാബു (സക്കായി -35) മരിച്ചതായി കരുതി സംസ്കരിച്ചത് കഴിഞ്ഞ ഡിസംബർ 30ന്. എന്നാൽ സാബു കഴിഞ്ഞ വെള്ളിയാഴ്ച തിരിച്ചെത്തിയപ്പോൾ പോലീസ് പിടികൂടി ജയിലിലുമാക്കി.
വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിയാനാകാതെ കിടന്ന മൃതദേഹമാണ് സാബുവെന്നു കരുതി ബന്ധുക്കൾ പോലീസിൽ നിന്ന് ഏറ്റുവാങ്ങി സംസ്കരിച്ചത്.
ഡിസംബർ 25നു പാലാ ഭരണങ്ങാനം ഇടപ്പാടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിനെയാണ് സാബുവിന്റെ വീട്ടുകാർ ഏറ്റുവാങ്ങി കുടശനാട സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ സെമിത്തേരിയിൽ സംസ്കരിച്ചത്.
ഇടയ്ക്കൊക്കെ വീട്ടിൽ നിന്നുമാറി അലഞ്ഞുതിരിയുന്നയാളാണ് സാബു. ഏറെദിവസങ്ങളായി വിവരങ്ങളൊന്നുമില്ലാതിരികെ അജ്ഞാത മൃതദേഹ വാർത്ത അറിഞ്ഞ് ബന്ധുക്കൾ അന്വേഷണം നടത്തുകയായിരുന്നു.
മൃതദേഹം പരിശോധിച്ച ബന്ധുക്കൾ സാബുവിന്റെ രൂപസാദൃശ്യവും ലക്ഷണങ്ങളും കണ്ട് ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. മാതാവും സഹോദരനുമാണ് ഡിസംബർ 26നു പാലായിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
27നു പോലീസ് നടപടികൾ പൂർത്തീകരിച്ച് ഏറ്റുവാങ്ങി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചശേഷം വിദേശത്തുള്ള സഹോദരങ്ങളെയും വരുത്തി. അവരും സാബുവിനെ തിരിച്ചറിഞ്ഞതോടെ 30ന് സംസ്കാരം നടത്തി.
ഇതിനിടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച സാബുവിനെ കായംകുളത്തു കണ്ടത്. കായംകുളം സ്വകാര്യ ബസ് സ്റ്റാൻഡിൽ സുഹൃത്തായ ഡ്രൈവർ മുരളീധരൻ നായരെ കാണാൻ ഇയാൾ എത്തുകയായിരുന്നു.
സാബുവിനെ കണ്ട മുരളീധരൻ നായർ ആദ്യം ഒന്നു പരിഭ്രമിച്ചു. പിന്നീട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാന്റീനിൽ ജോലിയിലാണ് താനെന്ന് സാബു പറഞ്ഞു. തന്റെ അപകടമരണവും സംസ്കാരവും അപ്പോഴാണ് സാബു അറിഞ്ഞത്.
മുരളീധരൻ നായർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സാബു ജീവിച്ചിരിക്കുന്നുവെന്ന വെളിപ്പെടുത്തൽ ആദ്യം നടത്തി. സാബുവിന്റെ ബന്ധുക്കളും വിവരം അറിഞ്ഞു.
വീഡിയോ കോളിംഗിലൂടെ സാബുവുമായി സംസാരിച്ചു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ പോലീസ് അന്വേഷണത്തിൽ സാബുവിനെതിരെ പല കേസുകളും ഉള്ളതായി മനസിലായി.
തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപം ഇയാൾ ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് ഉടമയുടെ 46000 രൂപ മോഷ്ടിച്ച കേസിൽ പോലീസ് അന്വേഷിച്ചുവരികയായിരുന്നു.
സാബുവിനെ പന്തളം പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നയുടൻ മെഡിക്കൽ കോളജ് പോലീസ് ബന്ധപ്പെട്ടു. പിന്നീട് ഇയാളെ തിരുവനന്തപുരത്തു പോലീസിനു കൈമാറുകയും ചെയ്തു. ഇന്നലെ റിമാൻഡിലുമായി.
സാബുവിന്റെ കേസ് ആ വഴിക്കു നീങ്ങുമെങ്കിലും പന്തളം, പാലാ പോലീസ് അധികൃതർ പിടിച്ചിരിക്കുന്നത് വലിയ പുലിവാലാണ്.
കുടശനാട് പള്ളിയുടെ കല്ലറയിൽ അടക്കം ചെയ്ത ആളെ കണ്ടെത്തണം. അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ട പരസ്യം കണ്ട് ജാർക്കണ്ടിൽ നിന്നു നേരത്തെ ഒരു അന്വേഷണം വന്നിരുന്നതായി പറയുന്നു.
എന്നാൽ മൃതദേഹം സംസ്കരിച്ചതിനാൽ തുടർ അന്വേഷണമുണ്ടായില്ല. സാബുവിനൊപ്പം കഴിഞ്ഞുവരുന്ന സ്ത്രീ മൃതദേഹം കണ്ടു സംശയം പ്രകടിപ്പിച്ചിരുന്നതാണെന്ന് പറയുന്നു.
എന്നാൽ മാതാവും സഹോദരനും ഉറപ്പു പറഞ്ഞതോടെയാണ് വിട്ടുകൊടുത്തതെന്ന് പോലീസ് പറയുന്നു.