തൃശൂർ: ശക്തൻ നഗറിലെ ഗതാഗതക്കുരുക്കിനു പരിഹാരം തേടിയുള്ള ചർച്ചകൾ സജീവമാകുന്നു. കോടികൾ ചെലവഴിച്ചു നിർമിച്ച ആകാശപ്പാത പ്രയോജനപ്പെടുത്താതെ യാത്രക്കാർ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾക്കു വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് ഗതാഗതപരിഷ്കാരങ്ങളെക്കുറിച്ച് പുനർചിന്തനം നടക്കുന്നത്. പ്രത്യേകിച്ച്, മത്സ്യ മാർക്കറ്റിനു മുന്പിലെ മീഡിയനുകൾ തുറന്നുകൊടുക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
മുൻ ഭരണസമിതിയുടെ കാലത്തു നടപ്പിലാക്കിയ ട്രാഫിക് പരിഷ്കാരം യാത്രക്കാർക്കും വ്യാപാരികൾക്കും വൻതിരിച്ചടിയാണെന്നാണ് പരാതി. ശക്തൻ തമ്പുരാൻ പ്രതിമയുള്ള റൗണ്ട് ചുറ്റി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകേണ്ടിവരുന്നത് വലിയ സമയനഷ്ടത്തിനും കുരുക്കിനും കാരണമാകുന്നുണ്ട്. ഈ സംവിധാനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് ബസ് ജീവനക്കാരും വ്യാപാരികളും നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.
മീഡിയനുകൾ സ്ഥാപിച്ച് അടച്ചുകെട്ടിയതോടെ പലരും അപകടകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കുകയാണ്. കാൽനടയാത്രക്കാർക്കായി നിർമിച്ച ആകാശപ്പാത ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതും വലിയ ആശങ്കയുണ്ടാക്കുന്നു.
കൗൺസിൽ യോഗങ്ങളിൽ ഡിവിഷൻ കൗൺസിലർ വിൻഷി അരുൺകുമാർ ഈ വിഷയം തുടർച്ചയായി ഉന്നയിച്ചതിനെത്തുടർന്നാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ബന്ധപ്പെട്ടവരുമായി ആലോചിച്ച് ആവശ്യമായ ഇടങ്ങളിൽ മീഡിയൻ തുറന്ന് വഴിനൽകുന്ന കാര്യം ബജറ്റിലും പരിഗണിച്ചിട്ടുണ്ട്. ശാസ്ത്രീയമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതോടെ ശക്തൻ നഗറിലെ തിരക്കിനും അപകടസാധ്യതയ്ക്കും വലിയൊരളവ് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
