താജുദ്ദീൻ എന്ന നിരപരാധിയെ കള്ളനാക്കി അധിക്ഷേപിച്ച്, ജയിലിലിട്ട്, വിദേശത്തെ ജോലിയും നഷ്ടപ്പെടുത്തിയ കഥ വായിച്ച മലയാളികളിൽ പലരും ഇന്നലെ ചിന്തിച്ചത്, ഏതെങ്കിലും ഒരു രാത്രിയോ പകലോ തങ്ങളുടെ വാഹനത്തിനും പോലീസ് കൈ കാണിക്കുമോ എന്നാണ്. യഥാർഥ കള്ളൻ പിടിയിലായതോടെ കോടതിയിലെത്തിയ താജുദ്ദീനു നഷ്ടപരിഹാരം കൊടുക്കാൻ വിധിയുണ്ടായി.
കേട്ടാൽ അതിശയോക്തി കലർന്നൊരു അറബിക്കഥയെന്നു തോന്നുമെങ്കിലും പോലീസുകാരുടെ എഫ്ഐആറിൽനിന്നെടുത്തൊരു തലശേരിക്കഥയാണിത്. പക്ഷേ, പോലീസുമായുള്ള പോരാട്ടത്തിൽ എപ്പോഴും നിരപരാധികൾ വിജയിക്കണമെന്നില്ല. എല്ലാവരും കോടതിയിൽ പോകില്ല. ശാസ്ത്ര-സാങ്കേതികവിദ്യയുടെ വേലിയേറ്റക്കാലത്ത് സാമാന്യ ബുദ്ധിപോലും ഉപയോഗിക്കാതെ കേസുകൾ കൈകാര്യം ചെയ്യുന്ന പോലീസിനു കൂടുതൽ പരിശീലനം നൽകുന്നില്ല. കുറ്റവാളികളെന്നറിഞ്ഞിട്ടും നിരവധി ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നു. കാക്കിപ്പട ചവിട്ടിയരച്ച ജീവിതങ്ങളുടെ പട്ടിക നീളുകയാണ്.
2018 ജൂലൈ 11ന് പുലര്‍ച്ചെയാണ് തുടക്കം. മകളുടെ വിവാഹാവശ്യത്തിനുവേണ്ടി രണ്ടാഴ്ചത്തെ അവധിക്കു ഖത്തറിൽനിന്നു നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ. സഹോദരിയുടെ വീട്ടില്‍നിന്നു കുടുംബസമേതം മടങ്ങുമ്പോള്‍ കതിരൂരില്‍ വച്ച്, ചക്കരക്കല്‍ എസ്ഐയായിരുന്ന ബിജുവും സംഘവും കാര്‍ തടഞ്ഞു. പോലീസ് ജീപ്പ് താഴ്ന്നുപോയത് ഉയർത്താൻ സഹായിക്കണമെന്നായിരുന്നു ചെറിയൊരു ആവശ്യം.
താജുദ്ദീന്റെ മകനും രണ്ട് സുഹൃത്തുക്കളും സഹായിക്കാൻ കാറിൽനിന്നിറങ്ങി. നടുവേദനയുള്ളതിനാൽ താജുദ്ദീൻ ഇറങ്ങിയില്ല. പോലീസ് അദ്ദേഹത്തെ പുറത്തിറക്കി വഴിയിൽ നിർത്തി ഫോട്ടോയെടുത്തു. എന്താണു സംഭവമെന്നു ചോദിച്ചപ്പോൾ, അഞ്ചരപ്പവന്റെ മാല സ്കൂട്ടറിലെത്തി പൊട്ടിച്ച കേസാണ്, തിരികെ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നു പറഞ്ഞു. നിരപരാധിയാണെന്നു കരഞ്ഞു പറഞ്ഞിട്ടും താജുദ്ദീനെയും കുടുംബത്തെയും ബലമായി സ്റ്റേഷനിലെത്തിച്ചു.
സ്കൂട്ടറിലെത്തിയ ഒരാള്‍ മാല പൊട്ടിക്കുന്ന ദൃശ്യങ്ങളും കാണിച്ചു. അത് മറ്റൊരാളാണെന്നും ടവര്‍ ലൊക്കേഷനടക്കം പരിശോധിക്കണമെന്നും ഹര്‍ജിക്കാരനും കുടുംബവും അപേക്ഷിച്ചെങ്കിലും അവഗണിച്ചു. ഭാര്യയുടെ സ്വർണം പണയം വച്ചതിന്റെ 50,000 രൂപ താജുദ്ദീന്റെ അക്കൗണ്ടിലുണ്ടായിരുന്നു. മാല വിറ്റ പണമാണതെന്നു പോലീസ് കോടതിയിൽ വ്യാഖ്യാനിച്ചു. 54 ദിവസമാണ് താജുദ്ദീനു റിമാൻഡിൽ കഴിയേണ്ടിവന്നത്. തെളിവെടുപ്പിന്റെ പേരിൽ പൊതുജനമധ്യത്തിലും ബന്ധുവീടുകളിലും കൊണ്ടുപോയി ക്രൂരമായി അപമാനിക്കുകയും ചെയ്തു. പിന്നീട് യഥാർഥ മോഷ്ടാവ് പീതാംബരൻ അറസ്റ്റിലായി.
പക്ഷേ, താജുദ്ദീന്റെ നഷ്ടങ്ങളുടെ പട്ടിക നീളുകയായിരുന്നു. ജയിലിലായതിനെത്തുടര്‍ന്ന് നിശ്ചിത സമയത്ത് തിരികെ എത്താത്തതിനാല്‍ ഖത്തറിലെ കന്പനിയുടെ കേസിൽ 23 ദിവസം വീണ്ടും ജയിലിൽ. ജോലി നഷ്ടപ്പെട്ടു. കുറ്റവാളിയുടെ പരിവേഷത്തോടെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. കേസിനും മറ്റുമായി ഉള്ളതെല്ലാം വിറ്റുപെറുക്കി. താജുദ്ദീനും കുടുംബവും നഷ്ടപരിഹാരക്കേസുമായി മുന്നോട്ടു പോയതോടെയാണ് 14 ലക്ഷം രൂപ നൽകാൻ വിധിയുണ്ടായത്.
ഒരു പാസ്പോർട്ട് വെരിഫിക്കേഷനുപോലും പോലീസ് സ്റ്റേഷനിൽ കയറാൻ ഇടയാകരുതേയെന്നു പ്രാർഥിക്കുന്ന സ്ഥിതിയിലേക്ക് മലയാളിയെ എത്തിച്ചത് മാറിമാറി വന്ന സർക്കാരുകളാണ്. ഇപ്പോഴതു പാരമ്യതയിലെത്തി. പാസ്പോർട്ട് വെരിഫിക്കേഷനെന്നു പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ കടന്നുപിടിച്ചത് കൊച്ചി പള്ളുരുത്തി സ്റ്റേഷനിലെ പോലീസാണ്. മറച്ചുവച്ച സിസിടിവി ദൃശ്യങ്ങൾ സമീപകാലത്ത് കോടതി ഇടപെടലിൽ പുറത്തുവിട്ടപ്പോൾ പോലീസുകാരുടെ പല ക്രൂരതകളും കേരളം കണ്ടു.
പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ രണ്ട് കൈക്കുഞ്ഞുങ്ങളുമായി എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. അതിനു നാലു മാസം മുന്‍പാണ്, യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് പോലീസുകാർ കുനിച്ചുനിർത്തി ഇടിക്കുന്ന ദൃശ്യം പുറത്തു വന്നത്.
കഴിഞ്ഞ മേയിലാണ് തിരുവനന്തപുരം പേരൂർക്കടയിൽ മാല മോഷ്ടിച്ചെന്നു പറഞ്ഞ് ബിന്ദു എന്ന ദളിത് യുവതിയെ കുടിവെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിർത്തിയ സംഭവം. ഒടുവിൽ പരാതിക്കാരിയുടെ, അതായത്, യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നുതന്നെ മാല കണ്ടെടുത്തു. കൽക്കണ്ടം, എൽഎസ്ഡി സ്റ്റാന്പ്, മ്ലാവിറച്ചി… പോലീസ് കെട്ടിച്ചമച്ച കള്ളക്കേസുകൾ ഒറ്റപ്പെട്ടതല്ല.
സർക്കാരിന്റെ കൈയിൽ ക്രിമിനൽ പോലീസിന്റെ ആയിരത്തോടടുത്ത വലിയൊരു പട്ടികയുണ്ട്. വിരലിലെണ്ണാവുന്നവരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്. ബാക്കിയുള്ളവർ സർക്കാരിന്റെ തണലിൽ സംസ്ഥാനത്തിന്റെ ‘ക്രമസമാധാനം’ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. കഴിവുള്ളവരും സത്സ്വഭാവികളുമാണ് സേനയിലേറെയും. അവർക്കും അപമാനമായ കുറ്റവാളികളുടെ കാക്കി യൂണിഫോം അഴിപ്പിക്കാതെ ഈ വകുപ്പിനെ പരിഷ്കരിക്കാനാകില്ല. പോലീസിലെ ഒഴിവുകൾ നികത്തുകയും അമിതജോലിയുടെ സമ്മർദം ഒഴിവാക്കുകയും വേണം.
കുറ്റാന്വേഷണത്തിൽ കാലാനുസൃതമായ പരിശീലനം നൽകണം. എല്ലാറ്റിലുമുപരി, സർക്കാർ തലം മുതൽ പ്രാദേശിക പാർട്ടി ഘടകം വരെ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണം. പോലീസ് സേനയെ ശുദ്ധീകരിച്ചില്ലെങ്കിൽ സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ സംരക്ഷണയുള്ള സന്പന്നർക്കുമൊന്നുമല്ല, നഷ്ടം സാധാരണക്കാരായ മനുഷ്യർക്കാണ്. ആ പട്ടികയിൽ താജുദ്ദീൻ പുതിയ ആളാണ്. നിർഭാഗ്യവശാൽ അവസാനത്തെ ആളായിരിക്കില്ല.
