പരവൂർ: ആഡംബരവും പാരമ്പര്യവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ട്രെയിൻ കൂടുതൽ അത്യാധുനിക സൗകര്യങ്ങളോടെ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഒരുങ്ങുന്നു.വരാനിരിക്കുന്ന 2026-27 ടൂറിസ്റ്റ് സീസൺ ലക്ഷ്യമിട്ടാണ് ട്രെയിൻ അടിമുടി നവീകരിച്ച് സർവീസിന് സജ്ജമാക്കിയിരിക്കുന്നത്. യാത്രക്കാരെ ആകർഷിക്കുന്നതിനായി പ്രത്യേക പ്രമോഷണൽ ഓഫറുകളും ഐആർസിടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും തൊട്ടറിഞ്ഞ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പരമ്പരാഗത ചാരുതയും ആധുനിക സുഖസൗകര്യങ്ങളും ഒരേസമയം സമ്മാനിക്കുന്ന രീതിയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പഞ്ചനക്ഷത്ര സൗകര്യങ്ങളോടെക്യാബിനുകൾ
യാത്രക്കാർക്ക് മികച്ച ഓൺബോർഡ് അനുഭവം നൽകുന്നതിനായി ട്രെയിനിന്റെ ഇന്റീരിയർ പൂർണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.
നവീകരിച്ച സൗകര്യങ്ങൾ:
പ്ലഷ് ഫർണിച്ചറുകൾ അടങ്ങിയ ക്യാബിനുകൾ, സ്മാർട്ട് ടിവികൾ, അതിവേഗ വൈ-ഫൈ വിനോദ സംവിധാനങ്ങൾ എന്നിവ ട്രെയിനിലുണ്ടാകും.
സുരക്ഷയ്ക്ക് മുൻഗണന:
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി നിരീക്ഷണ കാമറകളും അത്യാധുനിക ഫയർ അലാറം സംവിധാനങ്ങളും പുതുതായി സ്ഥാപിച്ചു.
ഭിന്നശേഷി സൗഹൃദം:
ഡബിൾ ബെഡ്, ട്വിൻ ബെഡ് സൗകര്യങ്ങൾക്ക് പുറമെ ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രത്യേക കാബിനുകളും ഇതിലുണ്ട്. ആകെ 40 കാബിനുകളിലായി 80 അതിഥികളെ വരെ ഒരേസമയം ഉൾക്കൊള്ളാൻ ഈ ആഡംബര ട്രെയിനിനാകും.
പുതിയ സീസണിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മൂന്ന് പ്രത്യേക യാത്രാ പദ്ധതികളാണ് ഐആർസിടിസി തയാറാക്കിയിരിക്കുന്നത്:
പ്രൈഡ് ഓഫ് കർണാടക
ആറ് പകലും അഞ്ച് രാത്രിയും നീണ്ടുനിൽക്കുന്ന ഈ യാത്ര ബെംഗളൂരുവിൽ തുടങ്ങി മൈസൂരു, ഹംപി, ഗോവ തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തുന്നു.
ജ്യൂവൽസ് ഓഫ് സൗത്ത്
ദക്ഷിണേന്ത്യൻ ചരിത്ര നഗരങ്ങളായ മൈസൂരു, മഹാബലിപുരം, തഞ്ചാവൂർ എന്നിവയ്ക്ക് പുറമെ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടമായ കൊച്ചിയും ഉൾപ്പെടുന്നതാണ് ഈ സുപ്രധാന പാക്കേജ്.
ഗ്ലിംപ്സസ് ഓഫ് കർണാടക
സമയക്കുറവുള്ളവർക്കായി പ്രധാന പൈതൃക കേന്ദ്രങ്ങളെ മാത്രം ബന്ധിപ്പിച്ചുകൊണ്ട് നാല് ദിവസം നീണ്ടുനിൽക്കുന്ന ചെറിയൊരു യാത്രാ പാക്കേജാണിത്.ആഭ്യന്തര-അന്തർദേശീയ വിനോദസഞ്ചാരികളെ ഒരുപോലെ ആകർഷിക്കുന്ന ഗോൾഡൻ ചാരിയറ്റിന്റെ വരവ് വരാനിരിക്കുന്ന ടൂറിസം സീസണിന് വലിയ ഉണർവേകുമെന്നാണ് ഐആർസിടിസിയുടെ പ്രതീക്ഷ.
