തൃശൂർ: അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാംപ്രതി മാർട്ടിനെതിരേ തൃശൂർ സൈബർ പോലീസ് കേസെടുത്തു. മാർട്ടിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചവർക്കെതിരേയും നടപടിയുണ്ടാകും. വിയ്യൂർ സെൻട്രൽ ജയിലിലാണു മാർട്ടിൻ ശിക്ഷ അനുഭവിക്കുന്നത്.
അതിജീവിതയുടെ കുടുംബാംഗം ഡിഐജി എസ്. ഹരിശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാ നത്തിലാണു പോലീസ് നടപടി. സംഭവം അന്വേഷിക്കാൻ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേ ഷകസംഘമാണു കേസ് അന്വേഷിക്കുക.നടിയെ ആക്രമിച്ചകേസിലെ കുറ്റവാളി മാർട്ടിൻ സംസാരിക്കുന്ന വീഡിയോയാണു കേസിൽ വിധി വന്നശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
അതിജീവിത ഉൾപ്പടെ ചേർന്നുകൊണ്ടുള്ള ഗൂഢാലോചനയാണു കേസെന്നാണു മാർട്ടിൻ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ മാർട്ടിൻ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നുമുണ്ട്. ദിലീപിനെ കുടുക്കാൻ സൃഷ്ടിച്ചതാണു കേസെന്നും മാർട്ടിൻ ആരോപിക്കുന്നു. വീഡിയോ ചിത്രീകരിച്ചതിന്റെ ഉദ്ദേശലക്ഷ്യമടക്കം അന്വേഷണപരിധിയിൽ കൊണ്ടുവരും.
കേസിൽ അഞ്ചുവർഷം ജയിലിൽ കിടന്ന മാർട്ടിൻ സുപ്രീംകോടതി ജാമ്യം അനുവദിച്ച്പുറത്തിറങ്ങിയപ്പോൾ ചിത്രീകരിച്ച വീഡിയോയാണിത്. വിധി വന്നശേഷം ഈ പഴയ വീഡിയോ പ്രചരിപ്പിച്ചതിനു പിന്നിലെ ഗൂഢാലോചന അടക്കമുള്ള വിഷയങ്ങളാണ് അന്വേഷിക്കുക.
