ആയിഷയാണ് താരം ! തന്നെ കാറില്‍ പിന്തുടര്‍ന്ന പൂവാലന്മാരെ ഒതുക്കാന്‍ കോളജ് വിദ്യാര്‍ഥിനി പുറത്തെടുത്തത് സ്വയം പ്രതിരോധ പരിശീലന പരിപാടിയില്‍ പഠിച്ച അടവ്…

കാസര്‍കോട്: പൂവാലന്മാര്‍ക്ക് വ്യത്യസ്ഥമായ രീതിയില്‍ പണി കൊടുത്ത വിദ്യാര്‍ഥിനിയ്ക്ക് പോലീസിന്റെ വക അഭിനന്ദനം. തന്നെ കാറില്‍ പിന്തുടര്‍ന്നു ശല്യം ചെയ്തവരെ ആയിഷ എന്ന പെണ്‍കുട്ടിയാണ് എറിഞ്ഞോടിച്ചത്. ഉളിയത്തടുക്ക അല്‍ഹുസ്‌ന ഷി അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയാണ് ആയിഷ. കാസര്‍കോട് വനിതാ സെല്‍ സിഐ പി.വി.നിര്‍മലയുടെ നേതൃത്വത്തിലാണ് അഭിനന്ദിച്ചത്.

ആയിഷയുടെ അപ്രതീക്ഷമായ പ്രത്യാക്രമണത്തില്‍ പതറിപ്പോയ പൂവാലന്മാര്‍ കാറില്‍ക്കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കല്ലേറില്‍ കാറിന്റെ ചില്ല് തകരുകയും ചെയ്തു. ആയിഷ പഠിക്കുന്ന കോളേജില്‍ കാസര്‍കോട് പൊലീസ് വനിതാസെല്ലിന്റെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ സ്വയംപ്രതിരോധ പരിശീലന പരിപാടി നടന്നിരുന്നു. ഈ പരിശീലനം ലഭിച്ചതുകൊണ്ടാണ് തനിക്ക് ധൈര്യത്തോടെ പ്രതികരിക്കാന്‍ കഴിഞ്ഞതെന്ന പെണ്‍കുട്ടിയുടെ കത്ത് സിഐയ്ക്ക് ലഭിച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞത്. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീക്, വനിതാസെല്‍ എസ്.ഐ. ശാന്ത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗീത, സതീദേവി എന്നിവരും അദ്ധ്യാപകരും വിദ്യാര്‍ത്ഥിനികളും അനുമോദനച്ചടങ്ങില്‍ പങ്കെടുത്തു.

 

Related posts