ധൈര്യമായി എടുത്തോളൂ…വാക്‌സിന്‍ ഫലപ്രദം ! വാക്‌സിന്‍ എടുത്ത 97.38 ശതമാനം ആളുകളും സുരക്ഷിതര്‍;റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…

കോവിഡ് വാക്‌സിനേഷന്‍ വളരെ ഫലപ്രദമെന്ന് പുതിയ പഠനം. വാക്‌സിനേഷന്‍ നടത്തിയ 97.38 ശതമാനം പേരും രോഗബാധയില്‍നിന്ന് സംരക്ഷിക്കപ്പെടുന്നെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ 0.06 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്നും പഠനത്തില്‍ പറയുന്നു.

ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കോവിഡ് -19 ന്റെ ‘ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍’ (വാക്‌സിനേഷനുശേഷമുള്ള അണുബാധകള്‍) വിലയിരുത്തുന്നതിനായി പഠന ഫലങ്ങള്‍ ആശുപത്രി പുറത്തുവിട്ടു.

വാക്സിനേഷന്റെ ആദ്യ 100 ദിവസം വാക്സിന്‍ ലഭിച്ചവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഠനത്തിലെ കണ്ടെത്തലുകള്‍ സൂക്ഷ്മ അവലകോനത്തിന് ശേഷം മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും.

3235 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഇതില്‍ 85 പേര്‍ക്ക് കോവിഡ് ബാധിച്ചു. അതില്‍ തന്നെ 65 പേര്‍ രണ്ട് ഡോസ് വാക്സിനും 20 പേര്‍ ഒരു ഡോസും എടുത്തവരായിരുന്നു.

സ്ത്രീകളാണ് കോവിഡ് ബാധിച്ചവരില്‍ അധികവും. പ്രായം അതില്‍ ഒരു ഘടകമായി കാണാനായില്ലെന്നും പഠനം പറയുന്നു. എന്തായാലും ആശ്വാസകരമാവുന്നതാണ് പുതിയ വിവരം.

Related posts

Leave a Comment